Idukki Land Issues Settlement CM Visit: ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം; സെപ്റ്റംബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടുക്കിയില്, ചരിത്രപരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും ? | സെപ്റ്റംബർ 16, 2026 – Channel Today News

Idukki Land Issues Settlement CM Visit | File Photo
Idukki Land Issues Settlement CM Visit
ഇടുക്കിയിലെ മലയോര ജനതയ്ക്ക് ആശ്വാസതീരം: പതിറ്റാണ്ടുകളുടെ ഭൂമി പ്രതിസന്ധികൾക്ക് സമ്പൂർണ്ണ പരിഹാരം കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സെപ്റ്റംബർ 25-ന്ഇടുക്കിയില്; റവന്യൂ എൻഒസി, സിഎച്ച്ആർ, ഉപാധിരഹിത പട്ടയം, മൂന്നാർ അതോറിറ്റി വിഷയങ്ങളിൽ ചരിത്രപരമായ പ്രഖ്യാപനങ്ങൾക്ക് വഴിതുറക്കുന്നു
ചെറുതോണി / അടിമാലി: ഇടുക്കി ജില്ലയിലെ ജനജീവിതത്തെയും കർഷക സമൂഹത്തെയും പതിറ്റാണ്ടുകളായി ശ്വാസംമുട്ടിക്കുന്ന സങ്കീർണ്ണമായ ഭൂമിപ്രശ്നങ്ങൾക്കും നിർമ്മാണ നിരോധനങ്ങൾക്കും ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ സെപ്റ്റംബർ 25-ന് ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവ്-ചെറുതോണി കളക്ടറേറ്റിൽ നേരിട്ടെത്തി ജില്ലയിലെ സമഗ്ര ഭൂമിപ്രശ്നങ്ങൾക്ക് പരിഹാരം പ്രഖ്യാപിക്കുന്ന ഉന്നതതല ഏകോപന യോഗത്തിന് നേതൃത്വം നൽകും. Idukki Land Issues Settlement CM Visit
റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, കൃഷി, വൈദ്യുതി, ടൂറിസം വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷക സംഘടനാ നേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും ദീർഘകാല ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള നിർണായക പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി VD സതീശൻ നടത്തുമെന്നാണ് ഉറപ്പായിരിക്കുന്നത്. ഇതോടെ ഭൂമിയുടെ അവകാശങ്ങൾക്കായി തലമുറകളായി പോരാടുന്ന ഇടുക്കിയിലെ മലയോര ജനതയുടെ കാത്തിരിപ്പിന് അറുതിയാവുകയാണ്.
അതിജീവന പോരാട്ടവേദിയുടെ ചരിത്രപരമായ ഇടപെടൽ
ജില്ലയിലെ മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തി വിവിധ സംഘടനകളുടെ കൂട്ടായ്മയായ ‘അതിജീവന പോരാട്ടവേദി’ ചെയർമാൻ റസാഖ് ചൂരവേലിൽ, ജനറൽ കൺവീനർ അഡ്വ. മഞ്ചേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബിജു തോണിക്കര, പിഎം ബേബി, ഡയസ് പുല്ലന്, ബാബു വര്ഗീസ്, അഡ്വക്കേറ്റ് ആല്ഫിന് ജോയി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിവേദനത്തിലെ ആവശ്യങ്ങളാണ് സർക്കാർ തലത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെടാൻ പോകുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ചില ഉദ്യോഗസ്ഥരുടെയും ജനവിരുദ്ധ നടപടികൾ കാരണം ഇടുക്കിയിൽ സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷം മാറ്റാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന കർഷക സമൂഹത്തിന്റെ ശക്തമായ സമ്മർദ്ദമാണ് സെപ്റ്റംബർ 25-ലെ യോഗത്തിലേക്ക് വഴിവെച്ചത്. Idukki Land Issues Settlement CM Visit
ഇടുക്കിയിലെ മുഴുവൻ പ്രശ്നങ്ങളും വിശദമായി പഠിച്ച് തയ്യാറാക്കിയ ഈ ആവശ്യങ്ങൾ ഓരോന്നായി പരിഗണിച്ച്, മലയോര കർഷകരെ ചേർത്തുപിടിക്കുന്ന അനുകൂല തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് ചാനൽ ടുഡേ ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

5000 പേരെ പങ്കടുപ്പിച്ച് സ്വീകരണ റാലിയും തുടര്ന്ന് പൊതുസമ്മേളനവും
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയില് എത്തുന്ന വി.ഡി സതീശന്, വനംമന്ത്രി ഷിബു ബേബിജോണ് എന്നിവര്ക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കളക്ട്രേറ്റിലെ യോഗത്തിനു ശേഷം ചെറുതോണി ടൗണില് സ്വീകരണം ഒരുക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മടങ്ങുന്ന മുഖ്യമന്ത്രിക്ക് കട്ടപ്പന പഴയ ബസ് സ്റ്റാന്ഡ് പരിസരത്താണ് സ്വീകരണം ഒരുക്കിയിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി ചാനല് ടുഡെ ന്യൂസിനോട് പറഞ്ഞു. 5000 പേരെ പങ്കടുപ്പിച്ച് സ്വീകരണ റാലിയും തുടര്ന്ന് പൊതുസമ്മേളനം നടത്തും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്വാഗത സംഘം യോഗങ്ങള് ആരംഭിച്ചതായും ചെയര്മാന് അറിയിച്ചു. സമ്മേളനത്തില് എംപി, എംഎല്എമാര്, ജനപ്രതിനിധികള്, പൗരപ്രമുഖര് തുടങ്ങിയവര് പങ്കെടുക്കും.
പ്രഖ്യാപനത്തിലേക്ക് നീങ്ങുന്ന പ്രധാന അജണ്ടകൾ
സെപ്റ്റംബർ 25-ന് ചെറുതോണി കളക്ടറേറ്റിൽ ചേരുന്ന സർവ്വകക്ഷി-ഉന്നതതല യോഗത്തിലെ പ്രധാന വിഷയങ്ങൾ ഇവയാണ്: Idukki Land Issues Settlement VD Satheesan Visit
- ഉപാധിരഹിത പട്ടയ വിതരണം: അർഹതയുള്ള മുഴുവൻ കൈവശക്കാർക്കും നിലവിലുള്ള സാങ്കേതിക-നിയമ തടസ്സങ്ങൾ നീക്കി ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് പൂർണ്ണ അവകാശമുള്ള ഉപാധിരഹിത പട്ടയം അനുവദിക്കുക.
- 8 വില്ലേജുകളിലെ റവന്യൂ എൻ.ഒ.സി ഒഴിവാക്കൽ: 2010-ലെ ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ അടിച്ചേൽപ്പിച്ച അനാവശ്യ റവന്യൂ എൻ.ഒ.സി. നിബന്ധനയും വീട് നിർമ്മാണങ്ങൾക്ക് പോലുമുള്ള അശാസ്ത്രീയ നിയന്ത്രണങ്ങളും പൂർണ്ണമായി പിൻവലിക്കുക.
- ദുരന്ത നിവാരണ നിയമത്തിലെ അപാകതകൾ: യാതൊരു ശാസ്ത്രീയ പഠനവുമില്ലാതെ 13 പഞ്ചായത്തുകളിൽ മാത്രം അടിച്ചേൽപ്പിച്ച ദുരന്ത നിവാരണ നിയന്ത്രണങ്ങൾ ഒഴിവാക്കുക.
- കാർഡമം ഹിൽ റിസർവ് (CHR) ശാശ്വത പരിഹാരം: ഇടുക്കിയിലെ ഏലം കർഷകരെ വരിഞ്ഞുമുറുക്കുന്ന സി.എച്ച്.ആർ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും, കാലഹരണപ്പെട്ട കാർഡമം റൂൾസ് കർഷകർക്ക് അനുകൂലമായി ഭേദഗതി ചെയ്യുക.
- അശാസ്ത്രീയ മൂന്നാർ അതോറിറ്റിയും ഹൈക്കോടതി ബെഞ്ചും: 60 കിലോമീറ്റർ ചുറ്റളവിലുള്ള 10 പഞ്ചായത്തുകളെ കൂട്ടിക്കെട്ടി രൂപീകരിച്ച അശാസ്ത്രീയമായ മൂന്നാർ അതോറിറ്റി പ്രഖ്യാപനം റദ്ദ് ചെയ്യാനും, ഇടുക്കിയിലെ ഭൂമി കേസുകൾ മാത്രം കൈകാര്യം ചെയ്ത് ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയ ഹൈക്കോടതിയിലെ പ്രത്യേക മൂന്നാർ ബെഞ്ച് സംവിധാനം പുനഃപരിശോധിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കുക.
- പരിസ്ഥിതിലോല വിജ്ഞാപനങ്ങൾ പുനഃപരിശോധിക്കും: ESA, ESZ, EFL തുടങ്ങിയ വിജ്ഞാപനങ്ങൾ ജനവാസ മേഖലകളെ ഒഴിവാക്കി പുനർനിർണ്ണയിക്കാനും, വന-റവന്യൂ വകുപ്പുകളുടെ സംയുക്ത സർവേയിലൂടെ വനാതിർത്തികൾ കൃത്യമായി തിട്ടപ്പെടുത്താനും തീരുമാനമാക്കുക.
കർഷക ഭൂമിയിലെ മരങ്ങൾ, ബി.ടി.ആർ അപാകതകൾ, ടൂറിസം വികസനം
കർഷകർ തങ്ങളുടെ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുക, ഡിജിറ്റൽ സർവേയിലെ ഗുരുതര പിഴവുകളും ബി.ടി.ആർ (Basic Tax Register) രേഖകളിലെ അപാകതകളും സമയബന്ധിതമായി പരിഹരിച്ച് കരംതീരുവ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടാകും. Idukki Land Issues Settlement CM Visit
ഇതിനൊപ്പം ഇടുക്കിയിലെ ആയിരക്കണക്കിന് ഹോംസ്റ്റേകൾക്കും ചെറുകിട റിസോർട്ടുകൾക്കും ഒക്കുപ്പൻസി മാറ്റം വരുത്തി വാണിജ്യപരമായ അംഗീകാരം നൽകാനും, ടൂറിസത്തെ കാർഷിക മേഖലയുമായി ബന്ധിപ്പിച്ച് വിപുലീകരിക്കാനും നടപടിയുണ്ടാകും. വന്യമൃഗശല്യത്തിൽ നിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും.
ഉദ്യോഗസ്ഥ ഭരണത്തിനും അധികാരദുർവിനിയോഗത്തിനും അന്ത്യം
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇടുക്കി ജില്ലയിൽ ചില ഉദ്യോഗസ്ഥർ നടത്തിയ അധികാരദുർവിനിയോഗങ്ങൾ, നിയമാനുസൃത പട്ടയങ്ങൾ റദ്ദാക്കൽ, ഭൂമിയുടെ കരംപിരിവ് തടയൽ തുടങ്ങിയ നടപടികൾ സമഗ്രമായി പരിശോധിക്കപ്പെടുമെന്നാണ് സൂചന. ഇക്കാര്യങ്ങൾ നിഷ്പക്ഷമായി അന്വേഷിച്ച് സാധാരണക്കാരുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകാൻ സർക്കാർ കർശന നിരീക്ഷണ സമിതി രൂപീകരിക്കും. Idukki Land Issues Settlement CM Visit
ഇതിനിടെ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ലയം ഹാളിൽ വെച്ച് കർഷക സംഘടനാ പ്രതിനിധികളുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നടത്തിയ കൂടിക്കാഴ്ചയിലാണ് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണ്ണായക തീരുമാനങ്ങളുണ്ടായി.

പരിസ്ഥിതിലോല (EFL) നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കുമെന്നും ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ഉറപ്പുനൽകി. വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ചു നൽകാനും, വനാതിർത്തികളിൽ ത്രിതല സുരക്ഷ, ഡ്രോൺ സ്ക്വാഡ്, AI സംവിധാനങ്ങൾ, 25 പുതിയ ദ്രുത കർമസേന എന്നിവ ഏർപ്പെടുത്താനും ചർച്ചയിൽ തീരുമാനമായി. തോക്ക് ലൈസൻസുള്ളവരെ കാട്ടുപന്നി നിയന്ത്രണത്തിന് ഷൂട്ടർമാരായി നിയോഗിക്കുമെന്നും, NOC തടസ്സങ്ങൾ മാറ്റാൻ അദാലത്തുകൾ തുടരുമെന്നും ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി വ്യക്തമാക്കി
ഇടുക്കിയുടെ കാർഷിക-സാമ്പത്തിക അടിത്തറയെ തകർക്കുന്ന സർവ്വ വിലക്കുകൾക്കും വിരാമമിട്ട്, ജില്ലയെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുന്ന ചരിത്ര ദിനമായി സെപ്റ്റംബർ 25 മാറും. മലയോര ജനതയുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് സർക്കാർ നൽകുന്ന ഈ വലിയ വിജയത്തിന്റെ ഓരോ ഘട്ടങ്ങളും ചാനൽ ടുഡേ ന്യൂസ് തത്സമയം വായനക്കാരിലേക്ക് എത്തിക്കുകയാണ്.




