Kerala Forest Area Statistics Dispute: 7 റിപ്പോർട്ട്, 7 കണക്ക്; കേരളത്തിൽ എത്ര വനമുണ്ടെന്ന് സർക്കാരിനും അറിയില്ല! കേന്ദ്രത്തിന് മുന്നിൽ നാണംകെട്ട് വനംവകുപ്പ് | സെപ്റ്റംബർ 14, 2026 – Channel Today News

Kerala Forest Area Statistics Dispute
Kerala Forest Area Statistics Dispute
വനവിസ്തൃതിയിൽ വൻ തിരിമറി: 14 വർഷം, ഏഴ് റിപ്പോർട്ടുകൾ, പരസ്പരവിരുദ്ധമായ ഏഴ് കണക്കുകൾ! കേരളത്തിൽ എത്ര വനഭൂമിയുണ്ടെന്ന് കേന്ദ്രത്തിന് മുന്നിൽ കൃത്യതയില്ലാതെ വനംവകുപ്പ്; ലക്ഷക്കണക്കിന് മലയോര കർഷകരെ ബലിയാടാക്കുന്ന ഉദ്യോഗസ്ഥ അനാസ്ഥ തുറന്നുകാട്ടി ചാനൽ ടുഡേ ന്യൂസ്
കൊച്ചി: പശ്ചിമഘട്ട സംരക്ഷണവും പരിസ്ഥിതിലോല മേഖലാ (ESA) നിർണ്ണയവും സംസ്ഥാനത്ത് ലക്ഷക്കണക്കിന് മലയോര ജനതയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുമ്പോൾ, സംസ്ഥാനത്തെ ആകെ വനവിസ്തൃതി എത്രയെന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിന് മുന്നിൽ തലയിൽ കൈവെച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. 2012 മുതൽ 2026 വരെയുള്ള 14 വർഷത്തിനിടെ വനവിസ്തൃതി സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത് ഏഴ് വ്യത്യസ്ത റിപ്പോർട്ടുകളിലായി ഒന്നിനൊന്ന് പൊരുത്തപ്പെടാത്ത ഏഴ് തരം കണക്കുകൾ! Kerala Forest Area Statistics Dispute
വനമേഖലയും കർഷകരുടെ ജനവാസമേഖലയും തമ്മിൽ കൃത്യമായി വേർതിരിച്ച് രേഖകൾ സമർപ്പിക്കുന്നതിൽ വനംവകുപ്പ് കാട്ടിയ ഗുരുതരമായ അനാസ്ഥയാണ് ഇപ്പോൾ മലയോര ജനതയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുന്നത്. രേഖകളുടെ പിൻബലമില്ലാതെയും, ഫീൽഡ് സർവേ നടത്താതെയും ഉദ്യോഗസ്ഥർ മേശപ്പുറത്തിരുന്ന് എഴുതിയുണ്ടാക്കിയ കണക്കുകൾ കേന്ദ്ര ഉന്നതാധികാര സമിതികൾക്ക് മുന്നിൽ കേരളത്തെ ഒന്നടങ്കം അപഹാസ്യരാക്കിയിരിക്കുകയാണ്. ചാനൽ ടുഡേ ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച ഔദ്യോഗിക രേഖകളിൽ നിന്നാണ് വനംവകുപ്പിന്റെ ഈ വൻ കള്ളക്കളികൾ പുറത്തുവരുന്നത്.
2026-ലെ പുതിയ സ്ഥിതിവിവരക്കണക്ക്: പഴയ കള്ളത്തരങ്ങൾ സ്വയം സമ്മതിച്ച് വകുപ്പ്
ഏറ്റവും ഒടുവിൽ, 2026 ഓഗസ്റ്റിൽ പുറത്തിറക്കിയ 2024-ലെ ‘കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്’ പ്രകാരം സംസ്ഥാനത്തെ 448 വില്ലേജുകളിലായി ആകെ 11,536.251 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഈ പുതിയ കണക്ക് പുറത്തുവന്നതോടെ മുൻപ് സമർപ്പിച്ച റിപ്പോർട്ടുകളെല്ലാം വ്യാജമായിരുന്നുവെന്ന് വനംവകുപ്പ് തന്നെ പരോക്ഷമായി സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്. Kerala Forest Area Statistics Dispute

മുൻ റിപ്പോർട്ടുകളിൽ പരിസ്ഥിതിലോല മേഖലയായി നിർദ്ദേശിക്കപ്പെട്ട 123 വില്ലേജുകളിൽ മാത്രമായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്നായിരുന്നു വനംവകുപ്പ് കേന്ദ്രത്തെ ധരിപ്പിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം 448 വില്ലേജുകളിലെ ആകെ വിസ്തൃതി വരുമ്പോൾ പഴയ 123 വില്ലേജുകളിലെ വനവിസ്തൃതിയുടെ പൊള്ളത്തരം പകൽപോലെ വ്യക്തമാകുന്നു.
ഗാഡ്ഗിൽ മുതൽ ഉമ്മൻ വി. ഉമ്മൻ സമിതി വരെ: കണക്കുകളിലെ മലക്കംമറിച്ചിലുകൾ
കേരളത്തിലെ വനഭൂമിയുടെ കണക്കുകൾ ഓരോ വർഷവും ഉദ്യോഗസ്ഥർ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് മാറ്റിയെഴുതിയതിന്റെ നാൾവഴികൾ ഇപ്രകാരമാണ്:

- 2012 (ഗാഡ്ഗിൽ റിപ്പോർട്ട് കാലഘട്ടം): 2012-ലെ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം സംസ്ഥാനത്തെ ആകെ വനവിസ്തൃതി 11,309.47 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ റിസർവ് വനം 9,176.3026 ച.കി.മീറ്ററും, നിർദിഷ്ട റിസർവ് വനം 295.378 ച.കി.മീറ്ററും, നിക്ഷിപ്ത വനം (Vested Forest) 1,837.75 ച.കി.മീറ്ററുമാണ്. എന്നാൽ ഇതിനൊന്നും ആധാരമാക്കിയ വ്യക്തമായ സർവേ രേഖകളോ കൃത്യമായ അളവുകളോ ഉണ്ടായിരുന്നില്ല.
- 1800-1902 ലെ പഴയ വിജ്ഞാപനങ്ങൾ: ഒരു പ്രദേശത്തെ വനമായി വിജ്ഞാപനം ചെയ്യുമ്പോൾ അതിലെ അതിരുകളാണ് അടിസ്ഥാനമാക്കേണ്ടത്. എന്നാൽ 1800 മുതൽ 1902 വരെയുള്ള തിരുവിതാംകൂർ-കൊച്ചി പഴയ വിജ്ഞാപനങ്ങളിൽ പലതും നൂറ്റാണ്ടുകളായി മനുഷ്യർ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലകളാണ്. Kerala Forest Area Statistics Dispute
- കസ്തൂരിരംഗൻ റിപ്പോർട്ടും 8,483.05 ചതുരശ്ര കിലോമീറ്ററും: കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് വന്നതോടെ ജനരോഷം തണുപ്പിക്കാൻ ഡോ. ഉമ്മൻ വി. ഉമ്മൻ സമിതിയെ നിയോഗിച്ചു. വനം, റവന്യൂ, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകൾ ചേർന്ന് പഞ്ചായത്തുതല കമ്മിറ്റികൾ രൂപീകരിച്ച് മാപ്പുകൾ തയ്യാറാക്കി. കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൺവയോൺമെന്റ് സെന്ററിന്റെ (KSREC) വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഈ വിവരങ്ങൾ പ്രകാരം 123 വില്ലേജുകളിലെ വനം 7,595.67 ച.കി.മീറ്ററും, വനം പ്ലാന്റേഷൻ 887.38 ച.കി.മീറ്ററും ചേർത്ത് ആകെ 8,483.05 ചതുരശ്ര കിലോമീറ്ററാണെന്ന് കണ്ടെത്തി.
2014-ലും 2015-ലും വീണ്ടും മാറ്റിയെഴുതിയ കണക്കുകൾ
പഞ്ചായത്തുതല സമിതി ശാസ്ത്രീയമായി കണ്ടെത്തിയ കണക്കുകളെ കാറ്റിൽപ്പറത്തി 2014-ൽ വനംവകുപ്പ് മേധാവി സർക്കാരിന് നൽകിയ മറ്റൊരു കത്തിൽ 123 ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററാണെന്ന് രേഖപ്പെടുത്തി! യാതൊരു രേഖകളുടെയും പിൻബലമില്ലാതെ ഒറ്റയടിക്ക് 1,500 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയാണ് കടലാസിൽ വനമായി മാറ്റിയത്. Kerala Forest Area Statistics Dispute

തൊട്ടടുത്ത വർഷം, അതായത് 2015 ജൂണിൽ അന്നത്തെ വനംവകുപ്പ് മേധാവി സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിൽ ഈ കണക്ക് വീണ്ടും തിരുത്തി 9,107 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കി. ഒരേ വകുപ്പ് മേധാവി തന്നെ ഒരു വർഷത്തെ വ്യത്യാസത്തിൽ 886 ചതുരശ്ര കിലോമീറ്ററിന്റെ അന്തരം വരുത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. Kerala Forest Area Statistics Dispute
കർഷകഭൂമിയും എസ്റ്റേറ്റുകളും വനമാക്കി മാറ്റി
തുടർന്ന് വന്ന പഞ്ചായത്തുതല പരിശോധനയിൽ 123 വില്ലേജുകളിലെ യഥാർത്ഥ വനം കേവലം 7,129.57 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്ന് കണ്ടെത്തി. ഈ പൊരുത്തക്കേടുകൾ പരിഹരിക്കാൻ ജി.പി.എസ് സഹായത്തോടെ പഠനം നടത്തിയപ്പോൾ റിസർവ് വിജ്ഞാപന പ്രകാരം 9,741.4 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് മറ്റൊരു കണ്ടെത്തൽ വന്നു.

എന്നാൽ ഈ 9,741.4 ചതുരശ്ര കിലോമീറ്റർ എന്നത് യഥാർത്ഥ വനമല്ലെന്നും; പതിറ്റാണ്ടുകളായുള്ള ജനവാസ കേന്ദ്രങ്ങൾ, പാട്ടത്തിനെടുത്ത വനഭൂമികൾ, വൻകിട സ്വകാര്യ എസ്റ്റേറ്റുകൾ, 1977-ന് മുൻപ് വനഭൂമിയിൽ കൃഷിചെയ്ത് ജീവിച്ചവർക്ക് 1970-ലെ ഭൂപതിവ് ചട്ടപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമികൾ, ഇടുക്കിയിലെ കാർഡമം ഹിൽ റിസർവിൽപെട്ട (CHR) 995.13 ചതുരശ്ര കിലോമീറ്റർ കൃഷിഭൂമി എന്നിവയെല്ലാം അടങ്ങിയതാണെന്ന് വനംവകുപ്പ് മേധാവിക്ക് തന്നെ ഒടുവിൽ പരിസ്ഥിതി സെക്രട്ടറിക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നു. Kerala Forest Area Statistics Dispute
ആശങ്കയിൽ മലയോര ജനത
കൃത്യമായ വനാതിർത്തികളും ഡിജിറ്റൽ സർവേ രേഖകളും സമർപ്പിക്കാൻ വനംവകുപ്പ് പരാജയപ്പെട്ടതാണ് സുപ്രീം കോടതിയിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലും കേരളത്തിന്റെ വാദങ്ങൾ നിരന്തരം തള്ളപ്പെടാൻ കാരണം. കൃഷിഭൂമിയെയും പട്ടയഭൂമിയെയും റിസർവ് വനത്തിന്റെ പട്ടികയിൽ പെടുത്തി കേന്ദ്രത്തിന് കണക്ക് നൽകിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് കർഷകരാണ് വില നൽകേണ്ടി വരുന്നത്. Kerala Forest Area Statistics Dispute

സംസ്ഥാനത്തെ കൃത്യമായ വനവിസ്തൃതി സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി ഫീൽഡ് തലത്തിൽ ഡ്രോൺ സർവേ നടത്തി പുതിയ ധവളപത്രം പുറത്തിറക്കണമെന്നാണ് മലയോര ജനതയുടെ ശക്തമായ ആവശ്യം. വനംവകുപ്പിന്റെ ഈ ഇരട്ടത്താപ്പിനെതിരെയുള്ള തുടർ രേഖകൾ ചാനൽ ടുഡേ ന്യൂസ് വരും ദിവസങ്ങളിലും പുറത്തുവിടും.




